വിധി

” നമ്മുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കണം രവിയേട്ടാ….. ഈ ഏകാന്തത എന്നെ വല്ലാതെ തളർത്തുന്നൂ…….”

നിറകണ്ണുകളോടെ ശ്യാമ രവിയെ നോക്കി……

”ഇല്ല ശ്യാമേ…….. എന്റെ തീരുമാനം ഉറച്ചതാണ് ”

“ഈ അവസ്ഥയിൽ ഒരു കുഞ്ഞിനെക്കൂടെ നോക്കുവാനുള്ള ആരോഗ്യം നിനക്കില്ല…. മാത്രമല്ല പത്തു വയസ്സുള്ള കുട്ടിയെ മാത്രമെ നമ്മുക്ക് ദത്തെടുക്കാൻ സാധിക്കൂ”….

” നമ്മുടെ വയസിനാണ് പ്രാധാന്യം…. വയസ്സ് കൂടും തോറും ദത്തെടുക്കുന്ന കുട്ടിയുടെ വയസ്സും കൂടും….. പത്തു വയസ്സുള്ളൊരു കുഞ്ഞിന് നമ്മളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ വലിയ പ്രയാസമാവും….. അതുകൊണ്ട്……. ”

രവിയുടെ വാക്കുകളെ പൂർത്തീകരിക്കാൻ ശ്യാമ അനുവദിച്ചില്ല…..

“ഒരു കുഞ്ഞ് നമ്മുക്കിടയിൽ വന്നാൽ തീരാവുന്ന അസുഖങ്ങളെ എനിക്കുള്ളു രവിയേട്ടാ…. പിന്നെ ഇടയ്ക്ക് ഇടയ്ക്ക് വരുന്ന ഈ നശിച്ച വയറുവേദനയ്ക്ക് ഞാൻ മരുന്നു കഴിക്കുന്നുണ്ടല്ലോ….. അതു മാറിക്കോളും രവിയേട്ടാ…… എന്റെ അവസാനത്തെ ആഗ്രഹമാണ്….. ഇനി ഒന്നും ഞാൻ എന്റെ രവിയേട്ടനോട് ആവിശ്യപ്പെടില്ല……. സാധിപ്പിച്ച് തരുമോ….. പ്ലീസ്…..

ദയനീയമായ സ്വരത്തോടെ അവൾ രവിയോട് അപേക്ഷിച്ചു…… എന്നാൽ അവൾക്ക് അനുകൂലമായോരു മറുപടി മാത്രം അയാൾ നൽകിയില്ല…….

രവിയുടെ ദീർഘമൗനങ്ങൾക്ക് പോലും എന്തോ തന്നോട് പറയാൻ ഉള്ളപ്പോലെ..

മൂന്ന് പതിറ്റാണ്ട് കാലത്തെ ദാമ്പത്യം…. ഒരു നോട്ടം കൊണ്ട്പ്പോലും ഇന്നുവരെ രവിയേട്ടൻ എന്നെ വേദനിപ്പിച്ചിട്ടില്ല… കുഞ്ഞുങ്ങൾ ഇല്ലാത്ത വേദന ഒരു പക്ഷേ ഞാൻ മറന്നത് ,മറന്നെന്ന് നടിച്ചത് രവിയേട്ടന്റെ കറയറ്റ സ്നേഹം കൊണ്ട് തന്നെയാണ്……………………..

ഓരോന്ന് ചിന്തിച്ച് കിടക്കുകയായിരുന്നു ശ്യാമ…

പെട്ടന്നാണ് ശ്യാമയുടെ തലമുടികളെ ആരോ തലോടുന്നതായി അവൾക്ക് അനുഭവപ്പെട്ടത്….

തിരിഞ്ഞ് നോക്കിയപ്പോൾ രവിയേട്ടനാണ്….

“വേണ്ട …..എന്നോട് മിണ്ടണ്ട ” തെല്ല് പരിഭവത്തോടെ ശ്യാമ കട്ടിലിന്റെ ഓരം ചേർന്ന് കിടന്നു……..

“ഞാൻ എന്ത് പറഞ്ഞിവളെ മനസിലാക്കും ദൈവമേ”…….

……………….ആരോടാണ് എന്റെ വേദന ഞാൻ പറയേണ്ടത്…… ”

”മരണം ഒരു നിഴലായ് എന്റെ ശ്യാമയ്ക്ക് ചുറ്റിലും നിൽക്കുന്നുണ്ടെന്ന സത്യം ഞാൻ എങ്ങനെ അവളോട് പറയും ”

… “കൂടുതൽ ഒന്നും ഇനി ചെയ്യാനില്ലെന്ന് പറഞ്ഞ് വൈദ്യശാസ്ത്രം കൈമലർത്തി, ശ്യാമയെ എനിക്ക് തിരികെ തന്നപ്പോൾ ചങ്കുപിടഞ്ഞുപ്പോയിരുന്നു ……ആ പിടച്ചിൽ, അവൾ അറിയാതെ ഇരിക്കാൻ മനപൂർവ്വം, താൻ അവളിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു “…..

” ആറു മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും നിലച്ചുപ്പോകാവുന്ന അവളുടെ ശ്വാസത്തിന് കാവലിരിക്കുകയാണ് താൻ …..അവളുടെ അവസാന ആഗ്രഹങ്ങൾ പോലും നടത്തി കൊടുക്കാനാവാതെ ,വിധിയുടെ ക്രൂരതയ്ക്കു മുമ്പിൽ പകച്ചു നിൽകേണ്ടി വരുന്നു തനിക്ക്………”

രവിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി…..

“അയ്യേ….. എന്തിനാണ് എന്റെ രവിയേട്ടൻ കരയുന്നത്…… എനിക്ക് എന്റെ രവിയേട്ടൻ ഇല്ലേ…. അതു മതി….. ” ഇതും പറഞ്ഞ് അവൾ രവിയെ പുണർന്നു…..

“പക്ഷേ ……….ഇന്ന് ഉറങ്ങിക്കഴിഞ്ഞാൽ നാളെ എന്റെ രവിയേട്ടൻ വിളിച്ചിട്ടും ഞാൻ ഉണർന്നില്ലെങ്കിലോ…. ??????എനിക്ക് പേടിയാണ് രവിയേട്ടാ…….. മരിക്കാനല്ല……എന്റെ രവിയേട്ടനെ തനിച്ചാക്കി പോകുന്നതോർത്ത്…..”

ശാന്തമായിരുന്നു ശ്യാമയുടെ വാക്കുകൾ……

അപ്രതീക്ഷിതമായ ശ്യാമയുടെ വാക്കുകളിൽ സ്വയം ഉരുകി രവി നിന്നു…..

“ശ്യാമേ….. നിനക്ക് എല്ലാം അറിയായിരുന്നു… അല്ലേ????”

“അതേ രവിയേട്ടാ…. എല്ലാം എനിക്ക് അറിയാമായിരുന്നു…. ഓരോ കാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടാക്കി പിണങ്ങി ഇരുന്നാൽ…..എന്നോടുള്ള സ്നേഹം ദേഷ്യമായി മാറുമെന്നും പിന്നെ ഞാൻ പോയാലും എന്റെ ഏട്ടന് വേദനിക്കില്ലന്നും എന്റെ മനസ്സു പറഞ്ഞു

“………….. …..അതുകൊണ്ടാണ് ഓരോ നിസാര കാര്യങ്ങൾ പറഞ്ഞ് ഞാൻ വഴക്കുണ്ടാക്കുന്നത്….

എന്നോട് ക്ഷമിക്കൂ….. രവിയേട്ടാ…. ”

സ്വയം നിയന്ത്രിക്കാനാവാതെ ശ്യാമ വിതുമ്പി….

അതു വരെ ഹൃദയത്തിൽ അടക്കി വെച്ച വേദനകളെല്ലാം പെയ്യ്തൊഴിയുകയായിരുന്നു ആ രാത്രിയിൽ……

”രവിയേട്ടന്റെ കൂടെ ജീവിച്ച് കൊതി തീർന്നിട്ടില്ല എനിക്ക് “…..

അതവൾ പറയുമ്പോൾ സ്നേഹം വേർപ്പാടാണെന്ന സത്യം തെല്ല് ദു:ഖത്തോടെ മനസിലാക്കുകയായിരുന്നു രവി…. പുലരാൻ നാഴിക ബാക്കി നിൽക്കുമ്പോൾ ,രവിയുടെ നെഞ്ചിലേക്ക് വീണ്ടും ചേർന്ന് കിടക്കുന്ന ശ്യാമയുടെ കാതുകളിൽ കാലൻകോഴിയുടെ കൂവൽ ഒരു വിളിപ്പാടകലെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു…….

Advertisements

ചിറക് മുളക്കാത്ത സ്വപ്നങ്ങൾ

ഞാനും കണ്ടിരുന്നു സ്വപ്നങ്ങൾ

ചിറക് മുളക്കാത്ത എന്റെ പ്രിയ സ്വപ്നങ്ങൾ –

പിന്നെയത്

മരച്ചില്ലയിൽ മാത്രം ഒതുങ്ങി…….

പറന്നുയരാൻ ശ്രമിച്ചതും

തളർന്നിരുന്നതും ഈ ചില്ലയിൽ…….

അവസാനം ഞാൻ എന്ന

രൂപത്തെ വാർത്തെടുത്തത്

ഇന്നലെ വാടിക്കരിഞ്ഞ യെന്റെ മാത്രം

സ്വപ്നങ്ങൾ ആയിരുന്നെന്ന –

തിരിച്ചറിവിൽ

ഞാൻ ഇന്നും ഇരിക്കുന്നു

എന്റെ ഈ ചില്ലയിൽ,

ചിറകു മുളക്കുന്നതും കാത്ത്……

അവൾ

മരിച്ച് മൺമറഞ്ഞ് പോയാലും ചില ജീവിതങ്ങൾ നമ്മുടെ മനസ്സിൽ ഒരു നോവായി അവശേഷിക്കും…….. പക്ഷേ അവളെ കുറിക്കുന്ന ഓർമ്മകൾ എന്റെ തൂലികയിൽ വിരിയുമ്പോൾ “അവൾ ” പുനർജനിക്കുന്നു എന്നൊരു തോന്നൽ…. എന്നിലെ അക്ഷരമുത്തുകൾ കൊണ്ട് ഞാൻ അവളെ കോർത്തെടുക്കുന്നു ഒരു വട്ടം കൂടി………

”എപ്പോഴും ചിന്തയിലായിരുന്നു അവൾ “……

അന്നും പതിവ് തെറ്റിയില്ല…. ചിന്തകളുടെ ചിറകിലേറി പറന്നുയർന്ന അവളുടെ പട്ടത്തിന്റെ നൂല് പൊട്ടിച്ചത് അമ്മ കാർത്ത്യായനി ആയിരുന്നു…..

“പ്പെട്ടന്ന് പോയി ഒരുങ്ങീട്ട് വാ ” പെണ്ണുകാണാൻ ചെക്കന്റെ കൂട്ടർ ഇപ്പൊ ഇങ്ങെത്തും…. ”

“ഇത് എത്രാമത്തെയാ അമ്മേ…. അണിഞ്ഞൊരുങ്ങി നിന്ന് മടുത്തു ” അവളുടെ വാക്കുകളിൽ നിരാശ പടർന്ന് പിടിച്ചിരുന്നു……

എന്ത് ചെയ്യാനാ മോളേ… വയസ് 33 ആയില്ലേ ന്റെ കുട്ടിക്ക്…. ആണൊരുത്തന്റെ കൈയ്യിൽ നിന്നെ പിടിച്ച് കൊടുത്തിട്ട് സമാധാനത്തോടെ കണ്ണടക്കണം എന്നൊരു പ്രാർത്ഥനയേ ഉള്ളൂ ഈ അമ്മയ്ക്ക് ….. കാർത്ത്യായനിയമ്മയുടെ കണ്ഠമിടറി……

“തുടങ്ങി ഈ അമ്മേടെ ഒരു കരച്ചിൽ….. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ “……

“ചൊവ്വാദോഷക്കാരിയായി ജനിച്ചത് എന്റെ തെറ്റാണോ “….

“നിറം കുറഞ്ഞുപ്പോയത് ഞാൻ എന്ത് പാപം ചെയ്യ്തിട്ടാ ”….

. “കൂടെ കളിച്ച് വളർന്നോർക്കെല്ലാം കല്ല്യാണം കഴിഞ്ഞ് കുട്ടികളായി “……. ഞാനും ആഗ്രഹിക്കുന്നുണ്ടമ്മേ..

ഒരു നല്ല ഭാര്യയായി.:…….

ഒരു അമ്മയായി…….

ഇത്രയും പറഞ്ഞപ്പോഴേക്കും കണ്ണുനീർ കവിൾ തടത്തെ പുണർന്നിരുന്നു… അമ്മ കാണാതെയിരിക്കാൻ കണ്ണുനീരു തുടക്കുമ്പോഴും മനസിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു…..

“ദൈവത്തിനു പോലും വേണ്ടാത്ത ജന്മമായി പോയല്ലോ തന്റെ തെന്ന് ”

ഇവളാണ് രജിനി….. കാർത്ത്യായനി അമ്മയുടേയും ഉണ്ണിയേട്ടന്റെയും മകൾ…..ജീവിതത്തിൽ ഒരു പാട് അവഗണകൾ സഹിക്കേണ്ടി വന്നവൾ…. അവളുടെ അധരങ്ങളിൽ എപ്പോഴും മായാതെ കിടക്കുന്ന പുഞ്ചിരി തന്നെയാണ് എവരിൽ നിന്നും അവളെ വേറിട്ടു നിർത്തിയത്…… …

അമ്മയുടെ നനവുള്ള കണ്ണുകളെ സന്തോഷിപ്പിക്കാൻ വീണ്ടും അവൾ ഉടുത്തൊരുങ്ങി നിന്നു ……………

പെണ്ണുകണ്ട് പോയ വയസ്സനു പോലും,പെണ്ണിനു ഭംഗി പോരാ ,നിറം പോരായെന്നും പറഞ്ഞ് അവളെ അവഗണിച്ചപ്പോൾ തോന്നാത്ത വേദനയായിരുന്നു, അമ്മേടെ കണ്ണീരിൽ കുതിർന്ന വാക്കുകൾ കേട്ടപ്പോൾ തോന്നിയത്…….

“ഇത്ര ഭാഗ്യമില്ലാത്ത ഒരു കുട്ടി….. എന്റെ വയറ്റിൽ തന്നെ വന്നു കുരുത്തല്ലോ”

കല്യാണം നടക്കാതെ പോയ വേദനയിൽ അമ്മയുടെ സങ്കടം വാക്കുകളായി പുറത്തു വന്നപ്പോഴും കുത്തിനോവിച്ചപ്പോഴും അവൾ തന്നോട് തന്നെ ചോദിച്ചു

……

” അവസാനിപ്പിച്ചോട്ടെ ഈ പാഴ് ജന്മത്തെ യെന്ന്”

സ്വയം ഒടുങ്ങിയാലും തന്റെ ശവത്തെ നോക്കി കഴുകൻ കണ്ണുകളുമായി അവർ പറയും

“പെണ്ണിനെന്തൊ പ്രേമനൈരാശ്യം ഉണ്ടാവണം ഇല്ലെങ്കിൽ വല്ല അവിഹിത മോ മറ്റോ ”

ഈ വാക്കുകളെ ഭയന്നു തന്നെയാണ് ഒരു മുഴം കയറിൽ ഒടുങ്ങാതിരുന്നതും……..

അവളിലെ നിഷ്കളങ്കത ഒളിഞ്ഞും തെളിഞ്ഞും ഇഷ്ടപ്പെടാൻ ആളുണ്ടായിരുന്നിട്ടും, തന്റെ ഹൃദയത്തിലെ മോഹങ്ങളെ ചൊവ്വാദോഷം എന്ന നൂലിനാൽ ബന്ധനത്തിലാക്കിവെച്ചു അവൾ…..

കാലങ്ങൾ ഏറെ വേണ്ടി വന്നില്ല.. ക്യാൻസർ തന്നെ കാർന്നു തിന്നുന്നു എന്ന സത്യം അറിഞ്ഞ നിമിഷം അവളുടെ ഹൃദയം പിടഞ്ഞു… ജീവിതം അവസാനിക്കാൻ പോകുന്നു എന്ന് അറിയുന്ന ആരിലും ജീവിക്കാനുള്ള കൊതി അധികരിക്കുന്ന പോലെ അവളിലും ‘ ആർത്തിയായിരുന്നു ജീവിക്കാൻ…

ഒരു ഭാര്യയായി സീമന്തരേഖയിൽ സിന്ദൂരം ചാർത്തി ഭർത്തുഗൃഹത്തിലേക്ക് പോകുവാൻ ഒരുങ്ങിയ അവളുടെ ഹൃദയത്തെ സ്വീകരിച്ചത് ആർ.സി.സി യിലെ കീമോയും റേഡിയേഷനുമായിരുന്നു……

സ്തനങ്ങളിലൊന്ന് നഷ്ടപ്പെട്ടപ്പോഴും തലയിലെ മുടികൾ വേരോടെ പിഴുതുമാറ്റപ്പെടുമ്പോഴും അവളുടെ കണ്ണുകളിലെ തിളക്കം കുറഞ്ഞിരുന്നില്ല….

കാലചക്രങ്ങൾ മുമ്പോട്ട് കുതിച്ചു കൊണ്ടേയിരുന്നു….

അവളിൽ നിന്ന് ഭിക്ഷയായി കിട്ടിയ ഈ ആയുസും പേറി അന്ന് ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നപ്പോൾ

അവൾ തന്നെയാണ് ഓർമ്മയുടെ പൊതിയിൽ നിന്നും എന്നെ നീന്താൻ പഠിപ്പിച്ച കഥ പറഞ്ഞ് ആയാസപ്പെട്ട് ചുണ്ടിൽ ചിരിനിറച്ചത്…

ഒരിക്കൽ കിണറ്റിലേക്ക് കാൽ തെന്നി വീണ ഞാൻ മരണത്തിനിന്ന് രക്ഷപ്പെട്ടത് നീന്താൻ അറിഞ്ഞതുകൊണ്ട് മാത്രമായിരുന്നു…… അങ്ങനെ എത്രയോ മക്കൾ ………

സ്വന്തം ആയുസിന്റെ നല്ല പാതി ഞങ്ങൾക്ക് പറിച്ച് തന്നതാവണം അവൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്….

ജീവിതത്തിന്റെ അവസാന നാളുകളിൽ…. അവളുടെ കണ്ണിലെ വെളിച്ചം ഇരുളാവാൻ തുടങ്ങിയിരുന്നു..

കൂനി കുറുകി ഒരു അസ്ഥിക്കൂടത്തിനൊത്ത് അവൾ പരിണമിക്കുമ്പോഴും നിറമിഴികളോടെ നോക്കി നിൽക്കാനെ ആ ‘പതിനെട്ട് വയസ്സുകാരിക്ക് സാധിച്ചുള്ളു…..

പ്രാണവായു കിട്ടാതെ ശ്വാസം തിങ്ങി മരണത്തോട് മല്ലിടുന്ന അവളെ ഒരു നോക്ക് കാണാനെ കഴിഞ്ഞുള്ളു…… എന്നെ കണ്ടത് കൊണ്ടാവണം തനിക്ക് ഒരു കുഴപ്പവും ഇല്ലെന്ന ഭാവത്തിനായ് ചുണ്ടിൽ ചിരി പടർത്താൻ ശ്രമിച്ചെങ്കിലും അവളിലെ അസ്വസ്ഥതകൾ അതിനു സമ്മതിച്ചില്ല….

ഞാൻ അറിയുകയായിരുന്നു…. നിറം കൊണ്ടും ജാതകദോഷം കൊണ്ടും മനസിനേറ്റ പ്രഹരത്തേക്കാൾ വലുതായിരുന്നു…….. ക്യാൻസർ കവർന്നെടുക്കാൻ ശ്രമിച്ച പ്രാണനെ മുറുകെ പിടിച്ചപ്പോൾ അവളുടെ ശരീരത്തിനേറ്റ പ്രഹരം….

പിന്നെ ഞാൻ അവളെ കണ്ടിട്ടില്ല…. കാണാൻ ശ്രമിച്ചില്ല എന്നതായിരിക്കും സത്യം….

ക്യാൻസർ തിന്നുകൊണ്ടിരുന്ന ശരീരത്തിൽ നിന്നും അവൾ ഇറങ്ങിപ്പോഴെന്ന് ഒരാഴ്ച്ചക്കപ്പുറം അമ്മ പറഞ്ഞ് അറിഞ്ഞപ്പോൾ ആർത്തിരമ്പി കരയാൻ മാത്രമേ കഴിഞ്ഞുള്ളു…..

ഭ്രാന്തമായ എന്റെ മനസിലെ അക്ഷരമുത്തുകളാൽ കോർത്തെടുത്ത് ഞാൻ അവളെ എന്റെ തൂലികയിലൂടെ പുനർജനിപ്പിച്ച ദിവസം , അന്ന് മുതൽ മാത്രമാണ് അവളുടെ ഓർമ്മകളുടെ തടവറയിൽ നിന്ന് ഞാൻ മോചിതയായത്…

അത് ചിലപ്പോൾ ജീവിച്ച് കൊതിതീരാതെ മടങ്ങേണ്ടി വന്ന അവൾ, ആഗ്രഹിക്കുന്നതാവാം, അവളുടെ പ്രിയപ്പെട്ട എന്റെ വിരൽതുമ്പിലൂടെയുള്ള അവളുടെ പുനർജനനം…….

കൺമണി Last Part

തന്റെ കണ്ണുകളെ വിശ്വസിക്കാൻ രേഖക്കായില്ല……

കണ്ണിലാകെ ഇരുട്ട് കയറുന്നതു പോലെ….. ഇതിനു മാത്രം എന്ത് തെറ്റാണ് ദൈവമേ ഞാൻചെയ്യ്തത് …..

കണ്ണിലെ ഇരുട്ടിൽ ഇന്നലകളിലെ നറുവെട്ടം മിന്നി മറഞ്ഞു….

രക്തം തിളച്ച് മറിയുന്ന യൗവ്വനത്തിൽ …. ലിവിംഗ് റ്റുഗദർ സംസ്കാരം നീരജിൽ തനിക്ക് വിതക്കപ്പെട്ട വിത്ത്…..അതാണ് രേണു….

കോളേജ് ക്യാമ്പസ് നീരജ്-രേഖ പ്രണയജോടികകളുടേത് മാത്രമായിരുന്നു … സംസ്കാര ശൂന്യത തളം കെട്ടി നിന്ന അന്നത്തെ മനസിൽ വിവാഹത്തിനു മുമ്പേ ഒരുമിച്ച് ജീവിക്കുന്നത് ,ഒരു തെറ്റായി തോന്നിയതേ ഇല്ല”…..

”നല്ലൊരു ജോലി ഇല്ലാതെ ഒരു പെണ്ണിനെ സംരക്ഷിക്കാൻ എത്ര കാലം ഒരു പുരുഷനു കഴിയും… ഞങ്ങൾക്കിടയിൽ സ്വരചേർച്ചകൾ മെല്ലെ ഉയർന്നു വന്നു… അപ്പോഴേക്കും എന്റെ വയറ്റിൽ ജീവന്റെ തുടിപ്പ് ഉടലെടുത്തിരുന്നു”…..

രേണു മോൾക്ക് 2 മാസം പ്രായമുള്ളപ്പോൾ ഒരു യാത്ര പോലും പറയാതെ നീരജ് പ്പോയതാണ്…. ഇപ്പോൾ ഇതാ 10 വർഷങ്ങൾക്ക് ശേഷം തന്റെ മുൻപിൽ….

അതും ഇങ്ങനെയൊരു സാഹചര്യത്തിൽ…..

ഒന്നും സത്യമല്ലാതിരുന്നെങ്കിൽ……… സ്വപ്നം മാത്രം ആയിരുന്നെങ്കിൽ….. രേഖയുടെ മനസൊരു നിമിഷം ആശിച്ച് പ്പോയി…,,

“സ്വന്തം അച്ഛനാൽ എന്റെ രേണു …..ഇല്ല…. ഞാൻ സമ്മതിക്കില്ല”…… തളർന്നിരുന്ന രേഖ അപ്രതീക്ഷിതമായി നീരജിലേക്ക് ചീറിയടുത്തു…..

”നിങ്ങൾ എന്തിന് നമ്മുടെ മോളോടിതു ചെയ്യ്തു????????? … എന്നെങ്കിലും അവളെ കാണാൻ, അവളുടെ അച്ഛൻ വരും എന്ന പ്രതീക്ഷയിലായിരുന്നു രേണു “…. ,

“നിങ്ങളുടെ സന്തോഷം തേടി നിങ്ങൾ പോയപ്പോൾ വെറുക്കാൻ എനിക്ക് സാധിച്ചില്ല !!!!!!… നിങ്ങളെ തേടി വരാതെ ഇരുന്നതും, നിങ്ങളുടെ സന്തോഷം ഞാൻ കാരണം തകരാതെ ഇരിക്കാൻ വേണ്ടിയാണ്…… എന്നാൽ നിങ്ങൾ എന്റെ മോളേ “……….

വാക്കുകൾ പൂർത്തിയാക്കാതെ രേഖ സർവ്വ ശക്തിയും എടുത്ത് അയാളുടെ കഴുത്തിൽ പിടിച്ചമർത്തി…..

ശ്വാസം കിട്ടാതെ നീരജ് പിടഞ്ഞു…..

അടുത്ത നിമിഷം ” അച്ഛാ “…… എന്ന് ഉറക്കെ കരഞ്ഞ് കൊണ്ട് രേണു നീരജിനടുത്തേക്കോടിയെത്തി…..

“അച്ഛനെ വിടമ്മേ….. അച്ഛനെ നോവിക്കല്ലെ….” രേണു നിറകണ്ണുകളോടെ രേഖയോട് കെഞ്ചി..

രേണുവിലെ ഈ മാറ്റം അദ്ഭുതാവഹം ആയിരുന്നു…..

തന്റെ മകളെ കണ്ടമാത്രയിൽ നീരജ് അവളെ വാരിപ്പുണർന്നു….

ആ കുഞ്ഞു കണ്ണുകളിൽ ആയിരം സൂര്യൻമ്മാർ ഒന്നിച്ചുദിച്ച ശോഭയായിരുന്നു… അച്ഛനും മകളും തമ്മിലുള്ള ദൃഢ ബന്ധത്തിന് സാക്ഷി ആവുകയായിരുന്നു എല്ലാവരും…….

…. അപ്പോഴേയ്ക്കും ഡോക്ടർ ദേവിക മുമ്പോട്ട് കടന്നു വന്നു ” രേഖ….. എന്നോട് ക്ഷമിക്കൂ…. ഇവിടെ നടന്നത് ഒരു ക്രിമിനൽ ഐഡന്റിഫിക്കേഷൻ അല്ലായിരുന്നു… ഒരു ട്രീറ്റ്മെന്റ് ആയിരുന്നു….. ”

ഒന്നും മനസിലാകാതെ രേഖ ദേവിയെ നോക്കി….

“ഞാൻ എല്ലാം പറയാം രേഖ….. എല്ലാം കേട്ടിട്ട് നീ തീരുമാനിക്കൂ”….” ഞാൻ മോളുടെ കേസ് പ്രശസ്ത സൈക്കോളജിസ്റ്റ് ഡോക്ടർ ബെന്നി പോളുമായി ഷെയർ ചെയ്യ്തിരുന്നു… അദേഹമാണ് ഇങ്ങനൊരു ചികിത്സ നിർദ്ദേശിച്ചത്…ഒരു ഷോക്കിലൂടെ നഷ്ടപ്പെട്ട രേണു മോളെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ട് വരാൻ അതുപ്പോലെ വേറൊരു ഷോക്ക് നൽകുക”…..

ജീവിതത്തിൽ നിന്നെ ഉപേക്ഷിച്ച് പ്പോയ നീരജിന് നിങ്ങളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇതുവരെ നിന്റെ മുമ്പിൽ വന്നില്ല…. പക്ഷേ നിങ്ങളെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്നിലൂടെ നീരജ് അറിയുന്നുണ്ടായിരുന്നു”…..”

രേണു മോൾക്ക് സംഭവിച്ച കാര്യം എന്നിലൂടെ അറിഞ്ഞ നീരജ് തകർന്നു പോയി “….

“എന്തൊക്കെ പറഞ്ഞാലും സ്വന്തം മകളല്ലെ “….

“ഇത് ചെയ്തവനെ കണ്ട് പിടിക്കാൻ സുന്ദരത്തിന്റെ വലം കൈയ്യായി നീരജ് ഉണ്ടായിരുന്നു “…

ഊണും ഉറക്കവും ഇല്ലാതെ ആ കാമഭ്രാന്തനെ തേടിയുള്ള ഓട്ടത്തിനിടയിൽ ആണ് ,ഡോക്ടർ പറഞ്ഞ കാര്യം നീരജിനോട് ഞാൻ സൂചിപ്പിച്ചത്…

അച്ഛനെന്നുപ്പറഞ്ഞാൽ ജീവനാണ് രേണുവിന്,,,, അത് എനിക്ക് അറിയാമായിരുന്നു…..അച്ഛനെ അമ്മ കൊല്ലുന്നത്, അച്ഛനെ സ്നേഹിക്കുന്ന ഏത് മകൾക്കാണ് സഹിക്കാൻ കഴിയുക… ഈ നാടകത്തിനു സുന്ദരവും കൂട്ട് നിന്നപ്പോൾ…. കാര്യങ്ങൾ കൂടുതൽ എളുപ്പമായി….”

“എന്തായാലും എന്റെ ട്രീറ്റ്മെന്റ് വിജയം കണ്ടെത്തിയിരിക്കുന്നു… ഷീ ഈസ് പെർഫെക്റ്റലി ഓൾ റൈറ്റ് നൗ ”

ദേവിയുടെ വാക്കുകളെ വിശ്വസിക്കാൻ രേഖയ്ക്കായില്ല…

സ്വയം നിയന്ത്രിക്കാനാവാതെ കരയുന്ന രേഖയെ നീരജ് തന്നിലേയ്ക്ക് അടുപ്പിച്ചു…. നെറ്റിയിൽ അമർത്തി ചുംബിച്ചു…. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ഒരു കൈയ്യിൽ രേണു മോളെ എടുത്ത് മറുകൈ കൊണ്ട് രേഖയേയും പുണർന്ന് അവൻ നിന്നു…. വികാരഭരിതമായ നിമിഷങ്ങൾ……..ഏവരുടേയും കണ്ണുകൾ ഈറനണിയിച്ചു……

എസ്.പി സോമസുന്ദരം നീരജിന്റെ തോളിൽ തട്ടി… ” നീരജ് വരൂ.. നമുക്ക് പോകാം…..”

“എങ്ങോട്ടാണ്….. ” സംശയ ഭാവത്തോടെ രേഖ നീരജിന്റേയും സുന്ദരത്തിന്റേയും മുഖത്തേയ്ക്ക് മാറി മാറി നോക്കി ”

“ഇനി എങ്ങോട്ടും പോവരുത് നീരജ്… എന്നെയും നമ്മുടെ രേണു മോളെയും വിട്ട് എങ്ങോട്ടും പോവരുത്” രേഖ നീരജിനെ തടഞ്ഞു…. ഒപ്പം രണ്ട് കുഞ്ഞുകൈകളും…..

“പോവാതെ ഇരിക്കാൻ കഴിയില്ല …….രേഖ” ഞാൻ നിന്നോടും മോളോടും ചെയ്യ്ത തെറ്റിനു ഇതൊരു പരിഹാരമാവില്ല.. എങ്കിലും എന്റെ മനസ്സിപ്പോൾ ശാന്തമാണ്…. ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതു കൊണ്ട് മാത്രം അച്ഛനാവില്ലല്ലോ…..കർമ്മമാണ് പ്രധാനം…….. തോറ്റുപ്പോയി ഞാൻ…. തികച്ചും ഒരു പരാജിതൻ…..”ഈ പാഴ്ജന്മം കൊണ്ട് ഇത് മാത്രമേ എനിക്ക് ചെയ്യാൻ സാധിക്കൂ”…

“എന്നോട് ക്ഷമിക്കൂ രേഖ “…….

നീരജ് വിങ്ങിപ്പൊട്ടി…

ഒന്നും മനസിലാകാതെ നിൽക്കുന്ന രേഖയോട് സുന്ദരം തുടർന്നു ” രേഖ… കേസ് തെളിഞ്ഞിരിക്കുന്നു….. ഇന്നലെ പ്രതിയെ കണ്ടു പിടിച്ചു… രേണുവിന്റെ സ്കൂൾ ബസിലെ ഡ്രൈവർ ആയിരുന്നു അവളെ……….

“അവളെ മാത്രമല്ല ബസിൽ വരുന്ന വേറെയും കുട്ടികളെ അയാൾ ഉപദ്രവിക്കുന്നുണ്ടായിരുന്നു “….. ചില മാതാപിതാക്കൾ പരാതി കൊടുത്തിരുന്നു… എന്നാൽ സ്കുളിന്റെ പേര് നഷ്ടപ്പെടുമെന്ന് വിചാരിച്ച് അധികൃതർ മിണ്ടാതെ ഇരുന്നു…. എല്ലാവരും സമ്പന്നമാരുടെ മക്കൾ…. കുടുംബത്തിന്റെ അഭിമാനം തകർന്ന് പോകുമെന്ന ഭയം, പോലീസിൽ പരാതിപ്പെടുന്നതിൽ നിന്നും അവരെ പിൻതിരിയിപ്പിച്ചു………… എല്ലാവരും മൗനം പാലിച്ചത്.. ആ റാസ്ക്കലിന് ഒരു വളമായി….. ” ‘

“അവൻ എവിടെ സുന്ദരം…… എനിക്ക് അവനെ കൊല്ലണം… ഇനി ഒരു പിഞ്ച് കുഞ്ഞുപോലും അവന് ഇരയാവരുത് ”….

രേഖയുടെ കണ്ണുകളിൽ പ്രതികാരാഗ്നി കത്തിജ്വലിച്ചു….

… “ആ ഡ്രൈവർ കൊല്ലപ്പെട്ടിരിക്കുന്നു….. ഇന്നലെ രാത്രി”…… സുന്ദരത്തിന്റെ വാക്കുകളെ അവൾക്ക് വിശ്വസിക്കാനായില്ല….

ഒരു നൂറ് ചോദ്യങ്ങൾ രേഖയുടെ മുഖത്ത് മിന്നി മറഞ്ഞു…

”അയാളെ കൊന്നത്……

………… നളിനിയമ്മയാണ് ”

“എന്ത്.. നളിനിയമ്മയോ”…. രേഖയുടെ മുഖം ചുവന്നു…..

“ഞാൻ ഇന്നലെ രേഖയെ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ നളിനിയമ്മയുടെ ഫോണിലേക്ക് വിളിച്ചിരുന്നു”…

“പ്രതിയെ കണ്ടു പിടിച്ച കാര്യം പറഞ്ഞപ്പോൾ തനിക്കൊന്ന് കാണണം അവനെയെന്ന് നളിനിയമ്മ പറഞ്ഞു ” ….. ഞാൻ അതിനു ഏർപ്പാട് ചെയ്യ്തു കൊടുത്തു… ഈ വീട്ടിൽതന്നെ…. അയാളെ കണ്ടമാത്രയിൽ നളിനിയമ്മയിൽ നിന്നൊരു ആക്രമണം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..ഞാൻ എത്തിയപ്പോഴേക്കും… എല്ലാം അവസാനിച്ചിരുന്നു….. ”

“കൊന്നത് നളിനിയമ്മയാണെങ്കിലും കുറ്റം സ്വയം ഏൽക്കുകയാണ് നീരജ് ചെയ്യ്തത്… എത്ര പറഞ്ഞിട്ടും നീരജ് തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ്‌………..

എനിക്ക് പ്രതിയെ കൊണ്ടു പോവാതെ ഇരിക്കാൻ കഴിയില്ലല്ലോ…സുന്ദരത്തിന്റെ വാക്കുകളുടെ ശക്തി കുറഞ്ഞു പോയതുപോലെ..

നീരജിനേയും കൊണ്ട് സുന്ദരം പോവാൻ ഒരുങ്ങി…

”നിൽക്കൂ ”

നളിനിയമ്മ സുന്ദരത്തെ തടഞ്ഞു……

” ഞാൻ ഇതുവരെ ജീവിച്ചത് എന്റെ കണ്മണിക്ക് വേണ്ടിയാണ്‌… എന്റെ ജീവിതം ഏറെക്കുറെ കഴിഞ്ഞ് തുടങ്ങി…. ഈ സമൂഹത്തിൽ എന്റെ കൺമണി ഇനി ആരെയും പേടിക്കാതെ ജീവിക്കണം… അതിന് അവളുടെ വലതു ഭാഗത്ത് അമ്മയുടെ സ്നേഹവും കരുതലും ,ഇടത് ഭാഗത്ത് അച്ഛന്റെ സംരക്ഷണവും വേണം”…..

”വാക്കു തരൂ ഈ അമ്മക്ക് “…

”എന്റെ കൺമണി ഇനി വേദനിക്കില്ലെന്ന്… ഈ സമൂഹത്തിൽ ധൈര്യത്തോടെ ജീവിക്കാൻ, അപമാനിക്കപ്പെട്ട സ്ത്രീത്വത്തിനും മാതൃത്വത്തിനും വേണ്ടി പോരാടാൻ എന്റെ കണ്മണിയെ പ്രാപ്തയാക്കുമെന്ന്…. ഉറപ്പു തരൂ എനിക്ക്…. ”

നളിനിയമ്മയുടെ ശബ്ദം അവിടെയാകെ പ്രതിധ്വനിച്ചു…

കൺമണിയുടെ മിഴികളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തന്റെ കൈകൾ കൊണ്ട് തുടച്ച്, അവളുടെ കവിളിൽ ചുബിക്കുമ്പോൾ താൻ ചെയ്ത പ്രവർത്തിയിൽ ആത്മനിർവൃതി കണ്ടെത്തിയ ഒരു മാതൃ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു…….

എല്ലാം ശാന്തമായി അവസാനിക്കുമ്പോൾ

മരണത്തിനപ്പുറം ഒരു പുനർജന്മമായി വീണ്ടും തന്റെ കൺമണിക്കടുതെത്തണമെങ്കിൽ തന്റെ പ്രാണ ശ്വാസത്തെ കൈവിടിയണമെന്നുള്ള ചിന്തയിൽ നളിനിയമ്മ നടന്നടുത്തു കാലവലയത്തിലേക്ക്……………

. (ശുഭം)

കൺമണി

ഓരോ കാലടികളും റൂമിലേക്കുള്ള ദൂരം കുറച്ചു…. രേഖയുടെ ഉച്ഛോശ്വാസത്തിന്റെ ഗതി ഉയർന്നു….. അടച്ചിട്ട ആ മുറിയിലേക്ക് കയറിയ രേഖക്ക് മുന്നിലൂടെ ഒരു നിഴൽ മറയുന്നതുപ്പോലെ തോന്നി……. അവളുടെ കണ്ണുകൾ അവിടെയാകെ പരതി…. മനസിലെ ഭീതി കൂടി വരുന്നതു പോലെ….. നിരാശയോടെ പിൻവലിയാൻ ശ്രമിക്കുമ്പോഴാണ് കണ്ണുകൾ അതിൽ ഉടക്കിയത്….. കട്ടിലിനടിയിൽ നിന്ന് ഒരാളനക്കം……. അതേ ആ നിഴൽ കട്ടിലിനടിയിലേക്ക് തന്നെയാണ് മറഞ്ഞത്….. സകല ധൈര്യവും സoഭരിച്ച് രേഖ കട്ടിലിനടിയിലേക്ക് നോക്കിയതും ,നിശബ്ദതയെ കീറി മുറിച്ച് ഒരു വലിയ അലർച്ചയോടെ രേണു കട്ടിലിനടിയിൽ നിന്നും എഴുന്നേറ്റോടി…

എന്താണ് സംഭവിക്കുന്നതെന്നറിയാതെ സ്തംഭിച്ച് ഒരു നിമിഷം രേഖയും….

ആ അലർച്ച അവസാനിച്ചത് നളിനിയമ്മയുടെ മാറിലേക്ക് ബോധരഹിതയായി രേണു വീണതോട് കൂടിയായിരുന്നു….

അവളേയും വാരിയെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടുമ്പോഴും രേഖയ്ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ലായിരുന്നു….

തന്റെ പ്രിയ സുഹൃത്തായ ഡോക്ടർ ദേവികയിലൂടെ തന്റെ മകൾ രേണു ഏതോ ഒരു കാമഭ്രാന്തന്റെ കൈകളാൽ പലതവണ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഏതൊരു അമ്മയേയും പോലെ തളർന്നിരുന്നു പോയി രേഖ…

മുന്നിലെ നിറങ്ങളെല്ലാം മായുന്നതുപ്പോലെ …ശരീരത്തിനാകെ ഒരു വിറയൽ…. എ’സി യുടെ ഊഷ്മളതയിലും അവളാകെ വിയർത്ത് കുളിച്ചു….

ഡോക്ടർ ദേവികയുടെ കൈകൾ തോളിൽ പതിച്ച നിമിഷം ഇതുവരെ അടക്കി വെച്ച സങ്കടങ്ങൾ എല്ലാം കണ്ണുനീരായി പെയ്യ്തിറങ്ങുകയായിരുന്നു….

“എനിക്ക് എന്റെ രേണുവിനെ കാണണം ദേവി ……. എന്റെ മകൾ ഇത്രയും വലിയ പ്രശ്നം നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് ഞാൻ അറിയാതെ പോയല്ലോ”

രേഖയെ സമാധാനിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ദേവികുഴങ്ങി…..

ഒബ്സർവേഷൻ റൂമിനു പുറത്ത് തകർന്ന മനസ്സുമായി നിൽക്കുന്ന നളിനിയമ്മയുടെ മുഖത്തേയ്ക്ക് നോക്കുവാൻ പോലും രേഖ അശക്തയായിരുന്നു…..

“കുഞ്ഞേ…. എത്ര പ്രാവിശ്യം കൺമണിയിൽ കണ്ട്തുടങ്ങിയ മാറ്റങ്ങൾ കുഞ്ഞിനോട് പറഞ്ഞതാണ് ഞാൻ….. അന്ന് അതൊക്കെ കുഞ്ഞ് നിസാരമായി കണ്ടു…. പെറ്റിട്ടതുമുതൽ അറിയുന്നതാ എന്റെ കണ്മണിയെ ഞാൻ… മുലകൊടുത്തിട്ടില്ലെന്നെയുള്ളൂ…. വളർത്തി എടുത്തത് എന്റെ ഈ കൈകൾ കൊണ്ടാ”…. അവൾ ആരെയോ ഭയക്കുന്നുണ്ടായിരുന്നു…. അവൻ തന്നെയാവണം….” വാക്കുകൾ മുഴുവനാക്കാൻ നളിനിയമ്മക്കായില്ല …… കണ്ഡമിടറി സ്വരം താണുപ്പോയി… പിന്നെ ഒരു വിങ്ങൽ മാത്രം….

”ശരിയാണ്…. എപ്പോഴൊക്കെയോ ഞാൻ എന്റെ രേണുവിനെ മറന്നു…. സ്ഥാനക്കയറ്റത്തിനു വേണ്ടിയുള്ള മത്സരത്തിൽ ബലിയായത് എന്റെരേണുവാണോ…. ദൈവമേ ……രേഖയുടെ മനസ്സ് പിടഞ്ഞു…..

“ഒരു ഏറ്റുപ്പറച്ചലിനോ മനസ്താപത്തിനോ ഇനി സ്ഥാനമില്ല… എങ്കിലും മാപ്പ് തരൂ അമ്മേ എനിക്ക് “….

വിറയാർന്ന വാക്കുകളോടെ രേഖ നളിനിയമ്മയുടെ കാൽക്കൽ വീണു കരഞ്ഞു…

ആ കുഞ്ഞു മിഴികൾ തുറക്കുന്നതും കാത്ത് നളിനിയമ്മക്കൊപ്പം രേഖയും രേണു കിടക്കുന്നതിനരികെ നിന്നു… മയക്കത്തിനിടയിലും അവളുടെ ചുണ്ടുകൾ ചലിക്കുന്നത് അവ്യക്തമായി കേൾക്കാം…

” മോളെ വിട്…. മോൾക്ക് നോവുന്നു… ”

“മാതൃത്വത്തിനേറ്റ പ്രഹരം… വെറുതെ വിടരുത് കുഞ്ഞേ… ആരായാലും വെറുതെ വിടരുത് ”

ജ്വലിക്കുന്ന കണ്ണുകളോടെ നളിനിയമ്മ പറഞ്ഞപ്പോൾ രേഖയിലെ തീജ്വാല ഒന്നു കൂടെ ആളിപ്പടരുകയായിരുന്നു……

“നമ്മുടെ കൂടെപ്പടിച്ച സ്വാമസുന്ദരത്തിനെ നീ ഓർക്കുന്നുണ്ടോ???”

അവനിപ്പോൾ ഈ സിറ്റിയിലുണ്ട്….സ്ഥലമാറ്റം കിട്ടി വന്നതാണ്….. ” ദേവി പറഞ്ഞപ്പോൾ ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല…

“അതേ എസ്.പി സോമസുന്ദരം അവനെ തന്നെയാണ് ഇത് ഏൽപ്പിക്കേണ്ടത്…. കൈ വെച്ച ഒരു കേസ് പോലും തെളിയിക്കാതെ ഇരുന്നിട്ടില്ല…. തെളിയിച്ച കേസിലെ പ്രതികളെ പിന്നെ ഈ ലോകം കണ്ടിട്ടുമില്ല”….

ആയിരം കൊലയാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് അനുശാസിക്കുന്ന നമ്മുടെ നീതിപീഠത്തിൽ ,കൊലയാളികൾ രക്ഷപ്പെടുന്നു… നിരപരാധികൾ ഇരകളായി മാറ്റപ്പെടുന്നു… എന്തൊരു അരാചകത്വം…

ഈ സമൂഹമാധ്യമങ്ങളിൽ വെറും ഒരു ഇരയായി മാറാൻ ഞാൻ എന്റെ മകളെ വിട്ടു കൊടുക്കില്ല”…..

ഉടനെ തന്നെ സുന്ദരത്തിന് ദേവി വിവരങ്ങൾ കൈമാറി..

“രഹസ്യമായൊരു അന്വേഷണ മുറ തന്നെയാണ് ഇവിടെ ഉചിതം… പത്ത് ദിവസങ്ങൾക്കകം ഞാൻ അയാളെ പിടിച്ചിരിക്കും….. എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു”…. സുന്ദരത്തിന്റെ വാക്കുകൾ ദൃഢമായിരുന്നു…

ഒരു പോള കണ്ണടയ്ക്കാതെ രാവും പകലും രേഖ, തന്റെ മകളുടെ കൂടെ ഇരിന്നു… അവർക്ക് ശക്തിയായി നളിനിയമ്മയും… നളിനിയമ്മയുടെ കൺമണിയിൽ വ്യത്യാസങ്ങളുണ്ടെന്ന് ഡോക്ടർ ദേവിക പറഞ്ഞദിവസം തന്നെയാണ് രേഖയുടെ മൊബൈലിലേക്ക് ഒരു കോൾ വന്നത്…

“Sp സോമസുന്ദരം കോളിംഗ് ”

വളരെ പ്രതീക്ഷയോടെ രേഖ സംസാരിച്ച് തുടങ്ങി…

“പ്രതിയെ കണ്ടെത്തിയിട്ടുണ്ട് … ഇവിടെ വരെ ഒന്നു മോളെയും കൂട്ടിവരണം… മോളുടെ ആരോഗ്യാവസ്ഥയിൽ പുരോഗമനം ഉള്ളതുകൊണ്ട് ഡോക്ടറുടെ അനുമതി ലഭിച്ചിട്ടുണ്ട്… രഹസ്യയായി അന്വേഷിച്ച കേസ് ആയതു കൊണ്ട് ഹെഡ്ക്വോട്ടേഴ്സിലേക്ക് എത്തണ്ട… അതിനു മുമ്പ് വിളിച്ചാൽ മതി.. ഞങ്ങൾ വന്നു കൊണ്ടുവന്നോളാം “….

ഉടനെ തന്നെ അവർ പോലീസ് ഹെഡ്ക്വോട്ടേഴ്സ് ലക്ഷമാക്കി കുതിച്ചു.. തന്റെ മകളുടെ കൗമാരത്തെ നശിപ്പിച്ചവനെ… തന്റെ സ്വപ്നങ്ങളെ തകർത്തവനെ കാണാൻ….

ആരും കാണാതെ ഒരു മൂർച്ച ഏറിയ കഠാരയും രേഖ കൈയ്യിൽ കരുതി….

നിമിഷങ്ങൾക്കകം സുന്ദരന്റെ സംഘം അവരെ ചിതലരിച്ചു തുടങ്ങിയ ഒരു പഴയ വീട്ടിലെത്തിച്ചു…..

”സുന്ദരം പറയൂ.. എവിടെയാണയാൾ… എനിക്കവനെ ഈ കഠാര കൊണ്ട് വലിച്ച് കീറണം.. പറയൂ സുന്ദരം”

….. രേഖ കാളീ രൂപിണിയായി സംഹാരത്തിനൊരുങ്ങീ….

ജനാലയോട് ചേർന്ന് നിൽക്കുന്ന നര ബാധിച്ച ഒരു മധ്യവയസ്കനെ കാണിച്ച് സുന്ദരം പറഞ്ഞു

“ഇവനാണ്, ഈ റാസ്ക്കൽ ആണ്.. ഒരു കുഞ്ഞിനെയല്ല …. അങ്ങനെ എത്രയോ കുഞ്ഞുങ്ങളെ ഇവൻ ഇരയാക്കി “ഇതും പറഞ്ഞ് സുന്ദരം അയാളുടെ മുഖത്ത് ആഞ്ഞടിച്ചു…….

അടിയുടെ ആഘാതത്തിൽ അയാൾ മറഞ്ഞു വീണു…. വായിൽ നിന്ന് രക്തം വാർന്നൊലിച്ചു…….. കിടന്നടുത്ത് നിന്ന് അയാൾ മെല്ലെ എഴുന്നേറ്റു……….. അപ്പോഴാണ് അവൾ ആ മുഖം ശ്രദ്ധിക്കുന്നത്…. “എവിടെയോ കണ്ട് മറന്ന കണ്ണുകൾ ” ഒരു നിമിഷം അവൾ തരിച്ച് നിന്നു പോയി ”

” നിങ്ങൾ ”

“ഇല്ല…. ഒരിക്കലും ഇല്ല “…..

അവളുടെ കൈയ്യിൽ നിന്നും ആ കാഠാര ഊർന്നു വീണു……….

(തുടരും)

കൺമണി

നളിനിയമ്മയുടെ വാക്കുകൾ ശരം പോലെ ഹൃദയത്തിൽ തറച്ചിരിക്കുന്നു…..

രേണുമോളെ ഗർഭിണി ആയിരിക്കുമ്പോൾ ഒരു കൈതാങ്ങിന് നിർത്തിയതാണവരെ ഇവിടെ… തനി നാട്ടിൻ പുറത്ത്കാരിയായ ഒരമ്മ….രേണുവിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ കൂടെയുണ്ടായിരുന്നു…….. ഇന്നുവരെ മുഖം കറുപ്പിച്ച് ഒരു വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ല….

പക്ഷേ ഇന്ന്…. എന്തിനാണവർ എന്നോട് അങ്ങനെ പറഞ്ഞത് ? ”ഞാനൊരു അമ്മയാവാൻ പാടില്ലായിരുന്നു എന്ന്….. അമ്മയെന്ന നിലയിൽ ഞാൻ ഒരു പരാജിതയാണെന്ന്”…. എവിടെയോ എന്തോ പ്രശ്നമുള്ളത് പോലെ…….

.രേഖയുടെ ഹൃദയമാകെ ചുട്ടുനീറികൊണ്ടിരുന്നു…..

ഒരു മൾട്ടിനാഷ്ണൽ കമ്പിനിയുടെ HR മാനേജർ ആയ തനിക്ക്… ഓരോ ദിവസവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ കുറച്ചൊന്നുമല്ല…. അതൊക്കെ ഇവരോട് പറഞ്ഞിട്ടെന്ത് കാര്യം……

തിരക്കുകൾക്കിടയിൽപ്പെട്ട് എന്റെ രേണുവിന്റെ ബാല്യവും കൗമാരുമൊന്നും ആസ്വദിക്കാൻ എനിക്ക് സാധിച്ചില്ല എന്നത് സത്യം തന്നെയാണ്… പക്ഷേ അവൾ എന്റെ ജീവനാണ്….. അവൾക്കു വേണ്ടിയാണ് ഞാൻ ജീവിക്കുന്നതു പോലും….

രേണുവിന് 6 മാസം പ്രായമുള്ളപ്പോൾ, ജീവിതത്തിന്റെ പാതി വഴിയിൽ ഞങ്ങളെ ഉപേക്ഷിച്ച്പ്പോയ നീരജിന്റെ ഓർമ്മകൾ ഇല്ലാതെയാണ് ഞാൻ അവളെ വളർത്തിയത്… അന്ന് മുതൽ ഒരു തരം വാശിയായിരുന്നു മനസ്സിൽ… ഒരു കുറവും അറിയിക്കാതെ രേണുമേളെ വളർത്തണമെന്ന വാശി…

ഇങ്ങനെ ഒരു നൂറുക്കൂട്ടം വാദപ്രതിവാദങ്ങൾ മനസാക്ഷിയുടെ കോടതിയിൽ നടന്നുകൊണ്ടിരുന്നു ….

ഓഫീസിൽ ഇരിക്കമ്പോഴും ചിന്ത മുഴുവൻ രേണുവിനേയും നളിനിയമ്മയേയും ചുറ്റിപ്പറ്റിയായിരുന്നു…..

തലവേദനയാണെന്ന് കള്ളം പറഞ്ഞ് ഹാഫ് ഡേ അവധിയെടുത്തു…. എത്രയും പെട്ടന്ന് വീട്ടിൽ എത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ….. സ്ഥിരം പോകുന്ന വഴികൾക്ക് പോലും ദൈർഘ്യം കൂടിയതുപോലെ……

ഫ്ലാറ്റിന്റെ മുമ്പിലെത്തി കോളിംഗ് ബെല്ലടിച്ചു നോക്കി.. ഒരനക്കവുമില്ല… പിന്നെ ഫോൺ എടുത്ത് നളിനിയമ്മയെ വിളിച്ചു…വാതിൽ തുറന്നു താരാൻ ആവശ്യപ്പെട്ടു….. ഹാഫ് ഡേ ലീവെടുത്ത് വന്നതാണെന്നും കൂടി കൂട്ടി ചേർത്തപ്പോ അവരുടെ ശബ്ദത്തിലെ പതർച്ച ഞാൻ ശ്രദ്ധിച്ചു….

എന്ത് പറ്റി അവർക്ക്….. അവരിലെ ഈ മാറ്റത്തിന് കാരണമെന്താണ്… അങ്ങനെ ഒരായിരം ചോദ്യങ്ങൾ മനസിൽ തൊടുത്തിയപ്പോഴും എന്റെ തോന്നലായിരിക്കും എന്ന് സ്വയം ആശ്വസിച്ചു……

കുറച്ച് സമയത്തിനു ശേഷമാണ് നളിനിയമ്മ വാതിൽ തുറന്നത്…

കരഞ്ഞു കലങ്ങി കണ്ണുകൾ ആരെയോ ഭയക്കുന്നതുപ്പോലെ…..

“എന്തുപ്പറ്റി നളിനിയമ്മേ …എന്നോട് പറയൂ… നിങ്ങളിലെ ഈ മാറ്റം എന്നെ ഭയപ്പെടുത്തുന്നു”……

നളിനിയമ്മ രേഖയെ ദയനീയമായി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല… ഇത് രേഖയെ വീണ്ടും തളർത്തി…

ശബ്ദത്തിന്റെ ഘനം ഒന്നുക്കൂടെ കൂട്ടി അവൾ വീണ്ടും ചോദിച്ചു……

വാർദ്ധിക്യം ബാധിച്ച ആ വിരലുകൾ ബെഡ് റൂമിലേക്ക് ചൂണ്ടി നിന്നു… രേഖയുടെ കണ്ണുകളിലെ ആകാംഷ കൂടി വന്നു…….. അവൾ ബെഡ് റൂം ലക്ഷ്യം വെച്ച് നടന്നു….

(തുടരും,)